ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Monday, July 19, 2010

വിന്‍ഡോസ് ബൂട്ട് ലോഡറില്‍ ഉബുണ്ടു

മുന്നറിയിപ്പ്:
പരിചയമില്ലാത്തവര്‍ ഈ പോസ്റ്റ് പരീക്ഷിക്കരുത്, തെറ്റുകൾ വരുന്ന പക്ഷം മൊത്തം കമ്പ്യൂട്ടര്‍ ഡാറ്റ നഷ്ടപ്പെട്ടുപോകാന്‍ സാദ്ധ്യത ഉണ്ട്...

മള്‍ട്ടി ഓ എസ് ആയി ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യുന്നത് കഴിഞ്ഞ പോസ്റ്റില്‍ കണ്ടല്ലോ. ഗ്രബ് എന്ന യൂട്ടിലിറ്റിയാണ് മള്ട്ടി ബൂട്ട് സൗകര്യം ഏര്‍പ്പെടുത്തുന്നത്. വിന്‍ഡോസ് 7 , എക്പി എന്നിവയും ഒപ്പം ഉബുണ്ടുവും ഇന്സ്റ്റാള്‍ ചെയ്യുന്ന കമ്പ്യൂട്ടറില്‍ ആദ്യം ഗ്രബ് മെനുവില്‍ നിന്നും വിന്‍ഡോസ് ബൂട്ട് ലോഡര്‍ തിരഞ്ഞെടുക്കുകയും തുടര്ന്ന് വിന്ഡോസ് മെനുവില്‍ നിന്നും എക്സ്പിയോ സെവനോ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഗ്രബ് ഇഷ്ടമല്ലാത്തവര്ക്കും ഈ മൂന്നു മെനുവും ഒന്നിച്ച് ആക്കണം എന്ന് ആഗ്രഹിക്കുന്നവരും ഈ രീതി പരീക്ഷിച്ചു നോക്കാം.

നിർബന്ധമായും കൈവശം ഉണ്ടാവേണ്ടവ
1. വിൻഡോസ് ഇൻസ്റ്റലേഷൻ സി.ഡി
2. ഉബുണ്ടു ഇൻസ്റ്റലേഷൻ ലൈവ് സിഡി
3. സുപ്പർ ഗ്രബ് (അത്യാവശ്യം വന്നാൽ ഉപയോഗിക്കാൻ മാത്രം)

നിലവില്‍ എക്സ്പി ഇന്സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറില്‍ ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യുമ്പോള്‍:

1) ആദ്യം ലൈവ് സിഡിയിൽ ബൂട്ട് ചെയ്യുക.

2) ഉബുണ്ടു ലൈവ് ലോഡായിക്കഴിഞ്ഞാൽ ടെർമിനൽ എടുക്കുക.

3) fdisk -l കമാന്റ് കൊടുത്ത് ഫലമായി കിട്ടുന്ന ഹാർഡ് ഡിസ്ക് പാർട്ടീഷൻസ് ലിസ്റ്റ് എഴുതി വക്കുക, ഹാർഡ് ഡിസ്ക് പേര് എഴുതിവക്കുക. ഹാർഡ് ഡിസ്കിനു sda എന്നും ഓരോ പാർട്ടീഷനുകൾ sda1, sda2,... എന്നിങ്ങനെയും ആയിരിക്കും സാധാരണഗതിയിൽ.

4) നിലവിലെ മാസ്റ്റർ ബൂട്ട് റെക്കോഡ് സേവ് ചെയ്യുക. ഇതിനായി ടെർമിനലിൽ
sudo dd if=/dev/sda of=mbr.save bs=512 count=1
എന്ന് ടൈപ്പ് ചെയ്ത് എന്റർ അടിച്ചാൽ മതി. ഇപ്പോൾ ഹോം ഫോൾഡറിൽ mbr.save എന്ന പേരിൽ ഒരു ഫയൽ ഉണ്ടാകും. ഇത് സേഫായി ഒരു ഡിക്സിലേക്ക് കോപ്പി ചെയ്തു വക്കുക.

5) സി ഡ്രൈവ് തുറക്കുക (വിൻഡോസ് ഇൻസ്റ്റലേഷൻ ഡ്രൈവ്), അതിൽ ntldr എന്ന് ഫയൽ കാണും ഇത് കട്ട് ചെയ്ത് സേഫായ ഒരു സ്ഥലത്ത് സൂക്ഷിക്കുക.

6) ഇത്രയും ചെയ്ത ശേഷം ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുക.ലിങ്ക് . സാധാരണ ഗതിയിൽ വിൻഡോസ് എക്സ്പി കാണിക്കാതെ ഉബുണ്ടു മാത്രമായി ഇൻസ്റ്റാൾ ചെയ്യും.

7)ഇന്റ്സാൾ ചെയ്ത ഉബുണ്ടു പ്രവർത്തിപ്പിക്കുക.

8) ടെർമിനൽ എടുത്ത് 4ആം സ്റ്റെപ്പിൽ പറഞ്ഞപോലെ മാസ്റ്റർ ബൂട്ട് റെക്കോർഡ് വീണ്ടും ബാക്കപ്പ് ചെയ്യുക. ഇതിനു ubuntu.save എന്ന് പേരുകൊടുക്കണം. (നേരത്തെ സേവ് ചെയ്ത എക്സ്പി എം.ബി.ആർ നിന്നും വേർ തിരിച്ചറിയാൻ)

9) ഇപ്പൊൾ സേവ് ചെയ്ത ഉബുണ്ടു മാസ്റ്റർ ബൂട്ട് റെക്കോഡ് സി ഡ്രൈവിലേക്ക് കോപ്പി ചെയ്യുക. ഇപ്പോൾ അതിന്റെ പാത്ത് c:\ubuntu.save ആയിരിക്കുമല്ലോ.
10) നേരത്തെ കട്ട് ചെയ്ത് മാറ്റി വച്ച ntldr ഫയൽ തിരികെ സി ഡ്രൈവിലേക്ക് തന്നെ കോപ്പി ചെയ്യുക.

11. ജി എഡിറ്റ് ഉപയോഗിച്ച് സി ഡ്രൈവിലെ boot.ini ഫയൽ തുറക്കുക.
C:\ubuntu.save="Ubuntu 10.04"
എന്ന് ചേർത്ത് സേവ് ചെയ്യുക.

12. എക്സ്പിയിൽ ബൂട്ട് ചെയ്യാനുള്ള എംബിആർ (mbr.save) റിസ്റ്റോർ ചെയ്യുക.
ഇതിനു നേരത്തെ സേവ് ചെയ്ത mbr.save ഹോം ഫോൾഡറിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുക. പാത്ത് കൺഫ്യൂഷൻ ആവാതിരിക്കാനാണിത്
sudo dd if=mbr.save of=/dev/sda bs=512 count=1

എന്ന് ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. അല്ലെങ്കിൽ റീബൂട്ട് ചെയ്ത് വിൻഡോസ് സിഡിയിൽ ബൂട്ട് ചെയ്ത് റിക്കവറി കൺസൊളിൽ fixmbr കമാന്റ് കൊടുക്കുക.

റീ ബൂ‍ട്ട് ചെയ്യുക.
വിൻഡോസ് ബൂട്ട് ലോഡറിൽ ഉബുണ്ടു എന്ന ഓപ്ഷൻ വന്നിട്ടുണ്ടാവും.

10 comments:

അനില്‍@ബ്ലോഗ് said...

ചുമ്മാ ഒരു പരീക്ഷണം

ശ്രീ said...

ഇതൊന്നു പരീക്ഷിയ്ക്കണം

Thommy said...

വളരെ നന്നായിരിക്കുന്നു

ബോണ്‍സ് said...

കുറച്ചു വൈകിയാണ് ഇത് വഴി. വിന്‍ഡോസില്‍ തന്നെ ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യാന്‍ wubi .exe എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്‌താല്‍ സാധിക്കും. ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള iso ഫയലും വുബിയും ഒരേ ഫോള്ടരില്‍ തന്നെ ആയിരിക്കണം എന്ന് മാത്രം. അപ്പോള്‍ ഒരു വിന്‍ഡോസ് അപ്ലിക്കേഷന്‍ പോലെ തന്നെ ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യാം ഡിലീറ്റ് ചെയ്യാം. ബൂട്ട് ചെയ്യുമ്പോള്‍ ആദ്യം വിന്‍ഡോസ്‌ ബൂട്ട് ലോഡര്‍ ആണ് വരിക. ഉബുണ്ടു സെലക്ട്‌ ചെയ്‌താല്‍ ഗ്രബ് വരും. അപ്പോള്‍ വീണ്ടും സെലക്റ്റ് ചെയ്യണം. ഞാന്‍ ഇപ്പോള്‍ ഇതാണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് പ്രീ ലോഡ് ചെയ്ത ലാപ്ടോപ്പുകളില്‍ വേറെ ഓയെസ് ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ വാറണ്ടി കവര്‍ ചെയ്യില്ല എന്ന് പറയുന്നവരെ പറ്റിക്കാന്‍ ഇത് മതി..

അനില്‍@ബ്ലോഗ് // anil said...

ബോണ്‍സ്,
വുബി അടങ്ങുന്ന സി ഡിയാണ് ഉബുണ്ടു പുതിയ പതിപ്പുകളില്‍ വരുന്നത്. അത് ഞാന്‍ വെറെ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട് .
ഇത് ഗ്രബ് ഇല്ലാതെ നോര്‍മല്‍ ഉബുണ്ടു എപ്രകാരം ലോഡ് ചെയ്യാം എന്ന പരീക്ഷണമാണ്. ഇതാണ് ഞാനിപ്പോള്‍ ഉപയോഗിക്കുന്നത്.
സന്ദര്‍ശനത്തിനു നന്ദി.

Harisuthan | ഹരിസുതന്‍ said...

പുതിയതായി വാങ്ങിയ പ്രീലോഡഡ് വിന്‍ഡോസ് 7 ലാപ്ടോപ് ആണ് എന്റെ കയ്യില്‍ ഉള്ളത്. അതിന്‍റെ കൂടെ ബൂട്ടബള് സിഡി കിട്ടിയിട്ടില്ല. ഉബുന്ടു ലൈവ്‌ സിഡി എന്‍റെ കയ്യില്‍ ഉണ്ടു. പ്രീലോഡഡ് വിന്‍ഡോസ് 7 നഷ്ടപ്പെടാതെ വിന്ഡോസ് ബൂട്ട് ലോഡറില് നിന്നും ബൂട്ട് ചെയ്യുന്ന വിധത്തില്‍ ഉബുന്ടു 10.10 ഇന്സ്ടാള് ചെയ്യാനെന്തു ചെയ്യണം

Harisuthan | ഹരിസുതന്‍ said...

പെന്‍ഡ്രൈവില്‍ ഉബുണ്ടു 10 .10 ഇന്‍സ്റ്റോള്‍ ചെയ്തു ഉപയോഗിക്കാന്‍ പറ്റുമോ...?

അനില്‍@ബ്ലോഗ് // anil said...

പ്രിയ ഹരിസുതന്‍,
ഉബുണ്ടു വിന്‍ഡോസില്‍ എന്ന പോസ്റ്റ് ഒന്ന് നോക്കൂ. വിന്‍ന്ഡോസിനുള്ളീല്‍ ഒരു വിന്ഡോസ് പ്രോഗ്രാം കണക്കെ ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യുന്നതാണ് ഇത്.

അതു പോരെങ്കില്‍ വിര്‍ച്വല്‍ പീ സി പ്രോഗ്രാം ഡൗണ്‌ലോഡ്‌ചെയ്ത് അതില്‍ ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യാം.

യു.എസ് ബി സ്റ്റിക്കില്‍ നിന്നും ഉബുണ്ടു പ്രവര്‍ത്തിപ്പിക്കുന്നത് ഒരു പോസ്റ്റ് ആയി ഇടാം.

Harisuthan | ഹരിസുതന്‍ said...

പക്ഷേ വിന്‍ഡോസിനുള്ളില്‍ ഉബുന്ദു ഇന്‍സ്റ്റാള്‍ ചെയ്താല്‍ കമ്പ്യൂട്ടറിന്റെ വേഗം കുറയില്ലേ. വേറൊരു പാര്‍ട്ടീഷനില്‍ ഉബുന്ദു പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യണം. അത് വിന്‍ഡോസിന്റെ ബൂട്ട്ലോഡറില്‍ നിന്നും ബൂട്ട് ചെയ്യുകയും വേണം. അതിനു് എന്ത് ചെയ്യണം.

അനില്‍@ബ്ലോഗ് // anil said...

ഹരിസുതന്‍,
ഏറ്റവും എളുപ്പം ചെയ്യാവുന്ന ഒന്ന് പറയാം
1.ആദ്യമായി സൂപ്പര്‍ ഗ്രബ് എന്ന ടൂള്‍ ഡൌണ്‍ലോഡ് ചെയ്യണം.
2.വിന്‍ഡോസ് 7 ഇല്‍ റണ്‍-> diskmgmt.msc കൊടുത്ത് റണ്‍ചെയ്യിക്കുക.
3. ഡിസ്ക് മാനേജ്മെന്റ് ഇന്റര്‍ഫേസില്‍ നിന്നും ഫ്രീ സ്പേസ് ഉള്ള ഒരു പാര്‍ട്ടീഷന്‍ തിരഞ്ഞെടുത്ത് 10 ജിബി ഫ്രീ ആക്കുക, ഫോര്‍മാറ്റ് ചെയ്യുക. (ഡ്രൈവ് ലെറ്റര്‍, പാത്ത് എന്നിവ അസൈന്‍ ചെയ്യരുത്)
4.ഇനി ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ ആരംഭിക്കുക.
5.ഈ സ്ക്രീന്‍ നോക്കുക, അഡ്വാന്‍സ്ഡ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ബൂട്ട്ലോഡര്‍ ഇന്‍സ്റ്റലേഷന്‍ കസ്റ്റമൈസ് ചെയ്യുക. എന്നു വച്ചാല്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത അതേ പാര്‍ട്ടീഷനില്‍ തന്നെ ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റലെഷന്‍ പൂര്‍ത്തിയാക്കുക.

ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ തയ്യാറായിരിക്കും, അതിലേക്ക് ബൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് മാത്രം.

സൂപ്പര്‍ ഗ്രബ് സിഡിയിലേക്ക് ബൂട്ട് ചെയ്യുക, ഡിറ്റക്റ്റ് ഓ.എസ് കൊടുത്താല്‍ ഉബുണ്ടു ഡിക്റ്റക്റ്റ് ചെയ്യപ്പെടും.

സെല്‍ക്റ്റ് ചെയ്ത് എന്റര്‍ കൊടുക്കുക, റെഡി.

കോണ്‍ഫിഡന്റാണെങ്കില്‍ ശ്രമിച്ചു നോക്കൂ, ഇല്ലെങ്കില്‍ സ്ക്രീന്‍ ഷോട്ടടക്കം പോസ്റ്റ് ഇടാം.